തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ അഴിമതി തുടച്ചു നീക്കാൻ വൻ മാറ്റത്തിനൊരുങ്ങി വിജിലൻസ്. കഴിഞ്ഞ മാസം 26ന് എസ്പി റാങ്ക് മുതൽ മുകളിലോട്ടുള്ള സംസ്ഥാനത്തെ ഉന്നത വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് ആസ്ഥാനത്ത് വിളിച്ചുചേർത്തിരുന്നു.
ആ യോഗത്തിൽ ആഭ്യന്തരമന്ത്രി നൽകിയ നിർദേശത്തെ തുടർന്നാണ് വിജിലൻസ് മാറ്റത്തിനൊരുങ്ങുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയുള്ള അഴിമതിക്കേസിന്റെ നിജസ്ഥിതി അന്വേഷണ ഉദ്യോഗസ്ഥർക്കും പരാതിക്കാരായ പൊതുജനത്തിനും അറിയുന്നതിനുപകരിക്കുന്ന ഏകജാലക ഓണ്ലൈൻ പോർട്ടൽ ഒരുക്കും.
നിരസിക്കപ്പെടുന്ന അപേക്ഷകൾ പുനഃപരിശോധിക്കുന്നതിനും അഴിമതി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരേ നിയമനടപടി സ്വീകരിക്കാനുള്ള വകുപ്പുതല അനുമതി അപേക്ഷയിൽ കാലതാമസം ഉണ്ടാകുന്നോ എന്നും പരിശോധിക്കാനും ചീഫ് സെക്രട്ടറി, വിജിലൻസ് ഡയറക്ടർ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്ന ഉന്നതതല സമിതി രൂപീകരിക്കും. ഈ സമിതി ഇടവേളകളിൽ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്.
ആരോപണം നേരിടുന്ന സർക്കാർ ജീവനക്കാർക്കെതിരേ അന്വേഷണമോ കസ്റ്റഡിയിലെടുത്തുള്ള അന്വേഷണമോ ആരംഭിക്കുന്നതിനു മുൻപ് പോലീസ് നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള മുൻകൂർ അനുമതി വാങ്ങണം. അഴിമതിയെക്കുറിച്ച് അറിവുള്ളവരും കോടതിയെ സമീപിക്കാൻ ആഗ്രഹിക്കുന്നവരുമായ പൊതുജനങ്ങൾക്കു കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിക്കുന്നതിന് പ്രസ്തുത അനുമതികൾ ആവശ്യമാണ്. എന്നാൽ ഈ അനുമതി കാത്ത് വർഷങ്ങളോളം ഫയൽ വകുപ്പുകളിൽ കുരുങ്ങുന്നു.
ഇതിനിടയിൽ ആരോപണവിധേയർ വിരമിക്കുന്ന സാഹചര്യവും ഉണ്ടാകുന്നു. ഇതിനു മാറ്റം വരുത്താനാണ് ഏകജാലക പോർട്ടൽ രൂപീകരിക്കുന്നത്. പൊതു ജനങ്ങൾക്കു പരിശോധിക്കാൻ കഴിയുന്ന തരത്തിലാണ് ഏകജാലക പോർട്ടൽ തയാറാക്കുക. കൂടാതെ വിവിധ വകുപ്പുകളിൽ ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിനായി 100 ദിവസത്തെ പ്രത്യേക ക്ലിയറൻസ് ഡ്രൈവ് നടപ്പിലാക്കും.
സർക്കാർ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തുസന്പാദനം കണ്ടെത്താൻ രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലിലേക്കും സ്പാർക്ക് ഡാറ്റാബേസിലേക്കും വിജിലൻസിന് നേരിട്ട് പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കും. സ്പാർക്കിൽ അപ്ലോഡ് ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ വർഷാവർഷം വിജിലൻസ് പരിശോധിക്കും.
സർക്കാർ ഉദ്യോഗസ്ഥർ പുതിയ രജിസ്ട്രേഷൻ നടത്തുന്നുണ്ടോ എന്നു പരിശോധിക്കാനാണ് പോർട്ടലിൽ നേരിട്ട് പ്രവേശിക്കാനുള്ള വിജിലൻസിന്റെ തീരുമാനം.